Wheat Snacks Recipe: കുട്ടികളുള്ള വീടുകളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ന്യൂഡിൽസ്. എന്നാൽ സ്ഥിരമായി കടകളിൽ നിന്നും ഇത്തരത്തിൽ നൂഡിൽസ് വാങ്ങി ഉണ്ടാക്കി കൊടുക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. മാത്രമല്ല ഹോട്ടലുകളിൽ നിന്ന് ന്യൂഡിൽസ് വാങ്ങി നൽകുമ്പോഴും അതിൽ ചേർത്തിട്ടുള്ള സോസുകൾക്കോ മറ്റും
പഴക്കമുണ്ടെങ്കിൽ അത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഗോതമ്പ് മാവ് ഉപയോഗിച്ചുള്ള ന്യൂഡിൽസിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ന്യൂഡിൽസ് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ ഗോതമ്പുപൊടി എടുത്ത് അതിലേക്ക് അല്പം ഉപ്പും, മുക്കാൽ കപ്പ് ഇളം ചൂടുള്ള വെള്ളവും ചേർത്ത്
ചപ്പാത്തിക്ക് കുഴക്കുന്ന അതേ പരിവത്തിൽ സോഫ്റ്റ് ആക്കി കുഴച്ചെടുക്കുക. ശേഷം അത്യാവശ്യം വായ് വട്ടമുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് ന്യൂഡിൽസ് തിളപ്പിക്കാൻ ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കുക. അതോടൊപ്പം തന്നെ ആവശ്യത്തിന് ഉപ്പും, അല്പം വെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കണം. വെള്ളം നല്ല രീതിയിൽ വെട്ടി തിളച്ച് തുടങ്ങുമ്പോൾ തയ്യാറാക്കിവെച്ച മാവ് സേവനാഴിയിലേക്ക് ഇട്ട് വെള്ളത്തിലേക്ക് കുറേശ്ശെയായി വട്ടത്തിൽ ഇട്ട് കൊടുക്കുക.
മുഴുവൻ മാവും ഒരു തവണയായി തന്നെ വേവിച്ചെടുക്കാവുന്നതാണ്. ന്യൂഡിൽസ് നല്ല രീതിയിൽ വെന്തു വന്നു കഴിഞ്ഞാൽ അരിച്ചെടുത്ത് മാറ്റി അല്പം തണുത്ത വെള്ളം കൂടി ഒഴിച്ച് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ക്യാപ്സിക്കം എന്നിവ ചേർത്ത് വഴറ്റുക. അതോടൊപ്പം തന്നെ ക്യാരറ്റും ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ന്യൂഡൽസിലേക്ക് ആവശ്യമായ ടൊമാറ്റോ കെച്ചപ്പ്, സെസ്വൻ സോസ്, ഗ്രീൻ ചില്ലി സോസ്, സോയാസോസ്, ഒരു പിഞ്ച് പഞ്ചസാര എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. പിന്നീട് തയ്യാറാക്കി വെച്ച ന്യൂഡിൽസ് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. സാധാരണ ന്യൂഡിൽസ് സെർവ് ചെയ്യുന്ന അതേ രീതിയിൽ ചൂടോടുകൂടി തന്നെ ഈയൊരു ന്യൂഡൽസും സെർവ് ചെയ്യാവുന്നതാണ്.