കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഏറെ പ്രിയങ്കരനായ മലയാളികളുടെ സ്വന്തം നടൻ ആണ് ടോവിനോ തോമസ്. താരത്തിന്റെ ഒമ്പതാം വിവാഹ വാർഷികമായ ഇന്ന്, തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. ടോവിനോയുടെ സഹോദരൻ ടിംഗ്സ്റ്റൺ തോമസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി
റീ- സ്റ്റോറി ചെയ്യുകയായിരുന്നു താരം. സ്കൂൾ പഠനകാലം മുതൽ സൗഹൃദത്തിൽ ആയിരുന്ന ലിഡിയയെ ആണ് ടോവിനോ ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചത്. 2014 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് മക്കളാണ് ഇരുവർക്കും. മൂത്ത മകൾ ഇസയും, ഇളയ മകൻ തഹാനും. കുടുംബത്തോടൊപ്പം ഉള്ള വിശേഷങ്ങൾ മിക്കപ്പോഴും ടോവിനോ തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഈ വർഷം താരത്തിന് തൻ്റെ സിനിമ ജീവിതത്തിൽ
ഏറെ സന്തോഷ നിമിഷങ്ങൾ സമ്മാനിച്ച വർഷം കൂടിയാണ്. ജൂഡ് ആന്റണി സംവിധാനം ചെയ്ത “2018” എന്ന സിനിമ 2024 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടതും, ഒപ്പം സിനിമയിലെ മികച്ച പ്രകടനത്തിന് മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡും ടോവിനോവിന് ലഭിച്ചിരുന്നു. താരത്തിന്റെ അടുത്ത ചിത്രമായ ഡാർവിൻ കുരിയോസ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രം “അന്വേഷിപ്പിൻ കണ്ടെത്തും” ഡിസംബറിൽ തീയേറ്ററുകളിൽ
എത്തുകയാണ്. ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ശരണ്യ, അര്‍ത്ഥന ബിനു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ടോവിനോയെത്തുന്നത്. 2012 ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് ചുവടുവെച്ച ടോവിനോ, 2016 ൽ ഗപ്പി എന്ന സിനിമയിൽ നായക വേഷത്തിൽ തിളങ്ങി. പിന്നീടങ്ങോട്ട് നിരവധി നായക വേഷങ്ങളിലൂടെ താരം യുവനടന്മാരുടെ താര നിരയിലേക്ക് ഇടംപിടിച്ചു.