Gooseberry jam: ചക്കയുടെ കാലമായാൽ പിന്നീടുള്ള ഉപയോഗത്തിനു വേണ്ടി അത് വരട്ടി സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതാണ്. എന്നാൽ അതേ രീതിയിൽ തന്നെ വളരെ ഹെൽത്തി ആയ അതേസമയം രുചികരമായ നെല്ലിക്ക വരട്ടി എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. നിരവധി ഔഷധ ഗുണങ്ങളുള്ള നെല്ലിക്ക
ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഒരു വരട്ടി കുട്ടികൾക്കും പ്രായമായവർക്കും ഒരേ രീതിയിൽ കഴിക്കാം എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. നെല്ലിക്ക വരട്ടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ അത്യാവശ്യം വലിപ്പമുള്ള മൂത്ത നെല്ലിക്ക, മധുരത്തിന് ആവശ്യമായ ശർക്കര, വരട്ടിയെടുക്കാൻ ആവശ്യമായ നെയ്യ്, അല്പം ഉപ്പ്, വെളുത്ത എള്ള് വറുത്തെടുത്തത്, കൂടുതൽ കാലം ഉപയോഗിക്കാനാണെങ്കിൽ അല്പം നാരങ്ങാ നീര് എന്നിവ കൂടി ചേർക്കാവുന്നതാണ്.
ഈയൊരു നെല്ലിക്ക വരട്ടി തയ്യാറാക്കാനായി ആദ്യം തന്നെ നെല്ലിക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. അതിനുശേഷം ഒരു ഇഡലി പാത്രത്തിൽ വച്ച് നല്ലതുപോലെ ആവി കയറ്റി എടുക്കണം. നെല്ലിക്കയുടെ ചൂട് എല്ലാം പോയി കഴിയുമ്പോൾ കുരു പുറത്തെടുത്തു കളഞ്ഞ് ബാക്കി ഭാഗം മാത്രം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ശേഷം അടി കട്ടിയുള്ള ഉരുളി അടുപ്പത്ത് വച്ച് അതിലേക്ക് അരച്ചു വെച്ച നെല്ലിക്കയും, തയ്യാറാക്കി വെച്ച
ശർക്കര പാനിയും അരിച്ചൊഴിക്കുക. പിന്നീട് നെല്ലിക്ക പേസ്റ്റ് കുറുക്കാനാവശ്യമായ നെയ്യ് കൂടി ഒഴിച്ച് നല്ലതുപോലെ വരട്ടിയെടുക്കുക. ഇതിൽ നിന്നും വെള്ളം ഇറങ്ങി ആദ്യം പൊട്ടിത്തെറിക്കാൻ ഉള്ള സാധ്യത കൂടുതലാണ്. എന്നാൽ കുറച്ചു കഴിയുമ്പോൾ നെല്ലിക്ക ശർക്കരപ്പാനിയിൽ നല്ലതുപോലെ സെറ്റായി കുറുകി വരുന്നതാണ്.ഇത് വാങ്ങിച്ചു വയ്ക്കുന്നതിന് മുൻപായി അല്പം ഉപ്പും, നാരങ്ങാനീര് ചേർക്കുന്നുണ്ടെങ്കിൽ അതും, വറുത്തു വെച്ച എള്ളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ഇപ്പോൾ നല്ല രുചികരമായ നെല്ലിക്ക വരട്ടി റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.